തഹിയ്യത്ത് നമസ്‌കാരം (പള്ളിയിൽ കയറിയ ഉടനെ ഇരിക്കുന്നതിനു മുമ്പുള്ള രണ്ട് റക്അത്ത് നമസ്കാരം) വാജിബാണോ (നിർബന്ധം) അതല്ല സുന്നത്താണോ?നമസ്കാരം വിരോധിക്കപ്പെട്ട സമയങ്ങളിൽ തഹിയ്യത്ത് നിസ്കരിക്കുന്നതിന്റെ വിധിയെന്താണ്?
ശൈഖ് മുഹമ്മദ് ബ്നു ഹിസാം حفظه الله നൽകുന്ന മറുപടി :
"നാം ഈ വിഷയം ഒരുപാട് തവണ പരാമർശിച്ചിട്ടുള്ളതാണ്. അത് വാജിബാണെന്നാണ് നാം പറയാറുണ്ടായിരുന്നത്.
ഫത്ഹുൽ അല്ലാമയിൽ ഉള്ളത് പോലെ.(ഫിഖ്ഹി ഗ്രന്ഥമായ ബുലൂഗുൽ മറാമിന് ശൈഖ് എഴുതിയിട്ടുള്ള വിശദീകരണമാണ് ഈ കിതാബ്).
പിന്നീട് നമുക്ക് അത് സുന്നത്താണെന്ന് ബോധ്യപ്പെട്ടു. ശക്തമായി പ്രോത്സാഹിപ്പിക്കപ്പെട്ട സുന്നത്ത്.
"തഹിയ്യത്ത് നമസ്കരിക്കുക" എന്ന് ഹദീസിൽ വന്നിട്ടുള്ള കൽപനകൾ കാണിക്കുന്നത് അത് നിർബന്ധമാണ് എന്നല്ല, മറിച്ച് സുന്നത്താണ് എന്നതിനുള്ള ചില തെളിവുകൾ കഴിഞ്ഞ സദസ്സിൽ പറഞ്ഞിരുന്നു.
(അതിൽ ചിലത്)
ജനങ്ങളുടെ പിരടികൾ ചാടി കടന്നു വരുന്ന ആളോട് നബി صلى الله عليه وسلم പറഞ്ഞു:
"ഇരിക്കൂ, നീ ജനങ്ങളെ ഉപദ്രവിച്ചിരിക്കുന്നു".
(അബ്ദുല്ലാഹിബ്നു ബുസ്ർ رضي الله عنه വിൽ നിന്ന് അബൂദാവൂദ് ഉദ്ദരിക്കുന്നത്.)
അതുപോലെ നബി صلى الله علي وسلم യുടെ അടുത്തേക്ക് വന്ന രണ്ടുപേർ;
അവർ ഫജ്ർ നമസ്കരിച്ചിട്ടുണ്ടായിരുന്നു. അവർ ജമാഅത്തിന് പങ്കെടുക്കാതെ പള്ളിയിൽ പിന്നിലായി ഇരുന്നു.
അങ്ങനെ നമസ്കാരം കഴിഞ്ഞപ്പോൾ നബി ﷺ അവരോടായി ചോദിച്ചു. "എന്താണ് നിങ്ങളെ നമ്മുടെ കൂടെ നമസ്കരിക്കാതിരിക്കുന്നതിൽ നിന്ന് തടഞ്ഞ കാരണം?"
അവർ പറഞ്ഞു: "ഞങ്ങൾ യാത്രയിൽ നമസ്കരിച്ചിട്ടുണ്ടായിരുന്നു."
നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ അങ്ങനെ ചെയ്യരുത്. മുമ്പ് നമസ്കരിച്ചിട്ടുണ്ടെങ്കിലും പള്ളിയിൽ എത്തിയാൽ ജമാഅത്ത് നടക്കുന്നുണ്ടെങ്കിൽ കൂടെ നമസ്കരിക്കാതിരിക്കരുത്. നിങ്ങൾ ഇമാം നമസ്കരിക്കുന്നതായി കണ്ടാൽ ഒന്നിച്ച് നമസ്കരിക്കുക. അപ്പോൾ നിങ്ങൾക്ക് അത് (രണ്ടാമത്തെ ജമാഅത്ത്) സുന്നത്ത് നമസ്കാരമായി രേഖപെടുത്തും."
ഈ ഹദീസ് നബി صلى الله عليه وسلم യുടെ അവസാന കാലത്തുള്ളതാണ്. ഹജ്ജത്തുൽ വദാഇൽ മിനയിൽ വെച്ചാണ് സംഭവം.
ഇതിൽ നിന്നുള്ള തെളിവ്:-
നബി صلى الله عليه وسلم തഹിയ്യത്ത് നമസ്‌കാരം ഒഴിവാക്കിയതിനെ എതിർത്തിട്ടില്ല. എതിർത്തത് ജമാഅത്തിന് പങ്കെടുത്തിട്ടില്ല എന്നതിനെയാണ്.
ഒരു നിലക്കും ഈ ഹദീസിൽ തഹിയ്യത്തിനുള്ള കല്പന വന്നതായി കാണുന്നില്ല.
അതുപോലെത്തന്നെ പള്ളിയിലേക്ക് പ്രവേശിച്ച മൂന്ന് വ്യക്തികളുടെ സംഭവം:
ഒന്നാമത്തെയാൾ സദസ്സിൽ പ്രവേശിക്കുകയും രണ്ടാമത്തെയാൾ സദസ്സിന്റെ പിന്നിലായിരിക്കുകയും, മൂന്നാമത്തെയാൾ തിരിഞ്ഞു പോവുകയും ചെയ്തു.-
ഈ ഹദീസ് ബുഖാരിയിലും മുസ്ലിമിലും അബീ വാകിദ് അല്ലൈസിയിൽ നിന്നുള്ളതാണ്- അതിൽ അവർ രണ്ട് റകഅത്ത് നമസ്കരിച്ചതായി പറഞ്ഞിട്ടില്ല.
ഒരുപാട് സ്വഹാബത്തിൽ നിന്നും സ്വഹീഹായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടിട്ടുള്ള സുനനു ഇബ്നു മൻസൂർ, മുസന്നഫ് ഇബ്നു അബീ ശൈബയിലും ഉള്ള ഒരു റിപ്പോർട്ട്:
അവർ പള്ളിയിൽ താമസിക്കാറുണ്ടായിരുന്നു.ഇനി ആർക്കെങ്കിലും ജനാബത്ത് സംഭവിച്ചാൽ വുളു ചെയ്യുകയും പിന്നെ പള്ളിയിൽ പ്രവേശിക്കുകയും ഉറങ്ങുകയും ചെയ്യും.
'തവള്വഅ' (വുളു ചെയ്തു) എന്ന വാക്ക്:- വുളു ചെയ്തത് കൊണ്ട് നമസ്കാരം അനുവദനീയമാക്കുകയില്ല. ഇനി നമസ്കാരം നിർബന്ധമാണെങ്കിൽ കുളിക്കലും നമസ്കരിക്കലും അനിവാര്യമാകുമായിരുന്നു.
ഇവിടെയാണ് ഇബ്നു റജബ് ഉദ്ധരിച്ച ഇജ്മാഅ്:
"അശുദ്ധിയുള്ള ഒരാളുടെ മേൽ രണ്ട് റക്അത്ത് നമസ്കരിക്കുവാൻ വേണ്ടി പുറത്ത് പോയി വുളു എടുക്കൽ നിർബന്ധമല്ല".
ഈ ഇജ്മാഇൽ നിന്ന് തഹിയ്യത്ത് നമസ്കാരം നിർബന്ധമല്ല എന്ന് നമുക്ക് മനസ്സിലാക്കാം.
കാരണം; നമസ്കാരം നിർബന്ധമാണെങ്കിൽ വുളു ചെയ്യുവാൻ കല്പന ഉണ്ടാവേണ്ടതാണ്.
"ഒരു നിർബന്ധമായ കാര്യം മറ്റൊന്നു കൂടാതെ പൂർത്തിയാവുകയില്ലായെങ്കിൽ അതും നിർബന്ധമാകും." (ഇത് ഒരു അടിസ്ഥാനപരമായ നിയമമാണ്).
തഹിയ്യത്ത് നമസ്കാരം നിർബന്ധമായിരുന്നെങ്കിൽ
പുറത്ത് പോവുകയും ശുദ്ധി വരുത്തുകയും ചെയ്യൽ അനിവാര്യമാകുമായിരുന്നു, നിർബന്ധ നമസ്കാരങ്ങളിൽ ഉള്ളത് പോലെ. പക്ഷേ അതിനു കൽപന ഇല്ലാത്തതുകൊണ്ട് നമസ്കാരം സുന്നത്താണെന്ന് തെളിയുന്നു.
അതുപോലെത്തന്നെ നിർബന്ധമല്ല, സുന്നത്താണ് എന്ന് തെളിയിക്കുന്ന മറ്റൊന്ന്;
ജുമുഅ ദിവസം തഹിയ്യത്ത് നമസ്കരിക്കാതെയുള്ള ഖതീബിന്റെ മിമ്പറിൽ കയറിയുള്ള ഇരുത്തം:
ഇനി ഒരു പക്ഷെ ഒരാൾ പറഞ്ഞേക്കാം അത് ഖതീബിന് മാത്രമുള്ളതല്ലേ?!
പക്ഷേ, നാം ഇത് പറഞ്ഞിട്ടുള്ളത് മറ്റുള്ള തെളിവുകളുടെ കൂടെയാണ്.
അതുപോലെ തന്നെ അതിന്റെ തെളിവുകളിൽ പെട്ടതാണ് ആരെങ്കിലും ഏതെങ്കിലും സുന്നത്തു നമസ്കാരം നിർവ്വഹിച്ചാൽ തഹിയ്യത്ത് നമസ്കാരം അവനിൽ നിന്ന് വീട്ടപ്പെടും എന്നത്.
ഉദാഹരണത്തിന് ഒരാൾ പള്ളിയിൽ പ്രവേശിക്കുകയും 'ളുഹ' നമസ്കാരം കരുതി ളുഹ നമസ്കാരം നിർവ്വഹിക്കുകയും ചെയ്താൽ അവനിൽ നിന്നും തഹിയ്യത്ത് നമസ്കാരം ആ ളുഹ കൊണ്ട് വീട്ടപ്പെടും.
തഹിയ്യത്ത് നമസ്കാരം കരുതിയില്ല എങ്കിൽ പോലും. ഇതിൽ ഇജ്മാഅ് ഉണ്ട്.
വാജിബായ ഒരു നമസ്കാരം പ്രത്യേക നിയ്യത്തോടു കൂടാതെ സുന്നത്ത് നമസ്കാരം കൊണ്ടു വീട്ടപ്പെടും എന്ന് എങ്ങനെ പറയാൻ സാധിക്കും.
ളുഹ നമസ്കാരം സുന്നത്തായത് കൊണ്ടാണ് ഇരുന്ന് നമസ്കരിക്കാൻ അനുവദിക്കപ്പെട്ടത്. എന്നാൽ ഫർളായ നമസ്കാരങ്ങൾ (നിൽക്കാൻ കഴിവുള്ളവന്) ഇരുന്നു കൊണ്ട് നിർവ്വഹിക്കാൻ പാടില്ല.
ളുഹ നമസ്കാരം ഇരുന്നു കൊണ്ട് നമസ്കരിച്ചാൽ അത് മതിയാകുന്നതാണ് എന്നതിൽ ഇജ്മാഅ് ഉണ്ട്.
നാം പറഞ്ഞു വന്നത് തഹിയ്യത്ത് നമസ്കാരം ശക്തമായ സുന്നത്താണ് എന്നാണ്.
കാരണം; നബി ﷺ ജുമുഅ ദിവസം വന്ന് പള്ളിയിൽ ഇരുന്ന ഒരാളോട് എഴുന്നേൽക്കാനും നമസ്കരിക്കാനും കൽപിച്ചിട്ടുണ്ട് -
"ഹേ മനുഷ്യ നീ നമസ്കരിച്ചുവോ?'' അയാൾ പറഞ്ഞു: 'ഇല്ല,' അപ്പോൾ നബി ﷺ പറഞ്ഞു: ''എങ്കിൽ രണ്ട് റക്അത്ത് നമസ്കരിക്കൂ".
അതു പോലെ തന്നെ നബിﷺ യുടെ ഈ വാക്കും:
"ആരെങ്കിലും പള്ളിയിലേക്ക് പ്രവേശിച്ചാൽ രണ്ട് റക്അത്ത് നമസ്കരിക്കുന്നതു വരെ ഇരിക്കരുത്".
അതുകൊണ്ടാണ് അബൂസഈദ് അൽ ഖുദ്രി رضي الله عنه ഒരിക്കൽ ജുമുഅ ദിവസം പള്ളിയിലേക്ക് വരികയും രണ്ട് റക്അത്ത് നമസ്കാരം കൊണ്ട് തുടങ്ങുകയും ചെയ്തു. അപ്പോൾ ഹർസ് ഇബ്നു മർവാൻ വരികയും അദ്ദേഹത്തെ തിരുത്താൻ ഉദ്ദേശിക്കുകയും ചെയ്തപ്പോൾ അദ്ദേഹം അത് നിരാകരിച്ചു.
അവർ തർക്കിക്കുകയും അദ്ദേഹം രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്തു.
ഇത് തഹിയ്യത്ത് നമസ്കാരം ശക്തമായ സുന്നത്താണ് എന്നതിനെ തെളിയിക്കുന്നു.
ആരെങ്കിലും പള്ളിയിൽ നിന്ന് പുറത്തു പോകുകയും അതേ സമയത്തു തന്നെ തിരിച്ചു വരികയും ചെയ്താൽ അവൻ വീണ്ടും നമസ്കരിക്കേണ്ടതില്ല. ഇനി മടക്കം പെട്ടെന്ന് തന്നെയാണെങ്കിൽ അല്ലെങ്കിൽ തുപ്പാൻ വേണ്ടിയോ മൂക്ക് ചീറ്റാൻ വേണ്ടിയോ അതു പോലെയുള്ളതാണെങ്കിൽ പ്രത്യേകിച്ച്; അവൻ വീണ്ടും നമസ്കരിക്കേണ്ടതില്ല.
എത്രത്തോളമെന്നാൽ അവന്റെ ചെറിയ ആവശ്യം പള്ളിയിൽ നിന്ന് അടുത്താണെങ്കിൽ അവന്റെ വിധി അവൻ പള്ളിയിൽ ഉള്ളതു പോലെ തന്നെയാണ്.
ഈ രണ്ട് റക്അത്തുകൾ വിരോധിക്കപ്പെട്ട സമയത്തും നമസ്കരിക്കുന്നതിൽ പ്രശ്നമൊന്നുമില്ല .
കാരണം; ഇത് 'കാരണമുള്ള'(പ്രത്യേക കാരണത്തോടെയുള്ള) നമസ്കാരങ്ങളിൽ പെട്ടതാണ്. ഇത് നാം ''കാരണമുള്ള നമസ്കാരങ്ങളുടെ ഒഴിവുകൾ''എന്ന വിഷയത്തിലുള്ള കഴിഞ്ഞ ക്ലാസിൽ വിശദീകരിച്ചതാണ്.
അബൂ റവാഹ മുഹമ്മദ് മുനവ്വർ ഇബ്നു മുഹ്‌യിദ്ദീൻ
മദീന,
സ്രോതസ്സ്
